Friday, 20 September 2013

പത്താംതരം വിദ്യാര്‍ഥികള്‍ക്ക് ഇനി ഗണിതം കലണ്ടര്‍ രൂപത്തില്‍

തിരൂര്‍: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനായി ഗണിതശാസ്ത്ര പുസ്തകം ടേബിള്‍ ടോപ്പ് കലണ്ടര്‍ രൂപത്തിലാക്കി അധ്യാപകര്‍ ശ്രദ്ധേയരാകുന്നു.

മോട്ടിവേഷന്‍ കൗണ്‍സിലറും പരിശീലകനുമായ സജിത്ത് വൈരങ്കോടും പറവണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ ഗണിത ശാസ്ത്ര അധ്യാപകനായ സുനില്‍ തിരുനാവായയും ചേര്‍ന്നാണ് ഗണിത കലണ്ടര്‍ തയ്യാറാക്കിയത്.

ഗണിത ശാസ്ത്ര പാഠഭാഗങ്ങളെ കണ്ടറിയാനും ആഴത്തില്‍ ഗ്രഹിക്കാനും 'ഐ ടു മെമ്മറി' എന്ന കലണ്ടര്‍ പ്രയോജനപ്പെടുമെന്ന് ഇരുവരും പറയുന്നു.

ഓര്‍മശക്തിയെ സ്വാധീനിക്കുന്ന സജീവ സ്മരണ, നിഷ്‌ക്രിയ സ്മരണ എന്നീ മനഃശാസ്ത്ര തത്ത്വങ്ങളെ പ്രയോഗവത്കരിക്കുന്നതാണ് 'ഐ ടു മെമ്മറി' എന്ന പരീക്ഷാ സഹായി.

കലണ്ടര്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രത്യേക പരിശ്രമം കൂടാതെ തന്നെ പാഠഭാഗങ്ങള്‍ ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കാന്‍ സഹായിക്കുമെന്നും ഇരുവരും പറയുന്നു.

പാഠഭാഗത്തെ മുഴുവന്‍ അധ്യായങ്ങളെയും അവയിലെ സമവാക്യങ്ങളെയും സൂത്രങ്ങളെയും ചിത്രങ്ങളെയും വ്യത്യസ്ത നിറങ്ങളിലൂടെ പ്രത്യേകം ക്രമപ്പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. 16 പേജുകളിലാണ് മാത്തമാറ്റിക്‌സ് സക്‌സസ് കലണ്ടര്‍ ഫോര്‍ ടെന്‍ത്ത് സ്റ്റാന്‍േറര്‍ഡ് കേരള സിലബസ് എന്ന് പേരുള്ള കലണ്ടര്‍. വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിനെക്കൊണ്ട് പ്രകാശനം ചെയ്യിക്കാന്‍ ഉദ്ദേശിക്കുന്നതായും അധ്യാപകര്‍ പറഞ്ഞു.

No comments: